
പട്ടായ: ഒൻപത് മാസത്തോളം കടലിൽ കഴിഞ്ഞ 5,000 യുഎസ് നാവികർ പട്ടായയിലെത്തിയപ്പോൾ പ്രാദേശിക ഭരണകൂടവും വ്യാപാരികളും വലിയ പ്രതീക്ഷകളിലായിരുന്നു. എന്നാൽ നാവികരുടെ അവധിക്കാലത്തെ ചെലവിടൽ രീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്‌ലൻഡിലെ ലാം ചബാങ് തുറമുഖത്ത് നങ്കൂരമിട്ടതോടെയാണ് നാവികർ പട്ടായയിലെത്തിയത്. പട്ടായയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് തുറമുഖം.
സൈനികരുടെ വരവ് കണക്കിലെടുത്ത് പട്ടായയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മദ്യപാനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അധിക പൊലീസിനെയും വിന്യസിച്ചു. ബാറുകളും മറ്റ് വിനോദകേന്ദ്രങ്ങളും വലിയ വരുമാനമാണ് പ്രതീക്ഷിച്ചത്.
എന്നാൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. മദ്യപാനത്തെ തുടർന്നുണ്ടായ രണ്ട് സംഘർഷങ്ങൾ മാത്രമാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തത്.
സോക്സിന് വരെ വൻ ഡിമാൻഡ്
നാവികർ പട്ടായയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഭക്ഷണത്തിനായിരുന്നു. മാട്ടിറച്ചിയും ഉരുളക്കിഴങ്ങും വലിയ തോതിൽ വാങ്ങിയതിനൊപ്പം തായ് സാലഡുകൾക്കും മികച്ച വിൽപ്പന ലഭിച്ചു. മദ്യത്തിനും കാര്യമായ ചെലവുണ്ടായി.
എന്നാൽ വ്യാപാരികളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് വസ്ത്രങ്ങളുടെ വിൽപ്പനയാണ്. സൈനികരുടെ ഷോപ്പിങ് പട്ടികയിൽ സോക്സിനായിരുന്നു മുൻതൂക്കം. നൈക്കി, അഡിഡാസ് തുടങ്ങിയ ബ്രാൻഡുകളുടെ സോക്സുകൾ കൂട്ടത്തോടെ വാങ്ങിയതോടെ കടകളിൽ വിൽപ്പന കുതിച്ചുയർന്നു.
നാവികരുടെ സന്ദർശനം പട്ടായയിലെ വ്യാപാര മേഖലയ്ക്ക് മികച്ച വരുമാനം നൽകിയെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. യുഎസ് സൈനികർ ഭാവിയിലും അവധിക്കായി പട്ടായയെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക വ്യാപാരികൾ.
ഒൻപത് മാസത്തെ കടൽദൗത്യത്തിന് ശേഷമുള്ള അഞ്ച് ദിവസത്തെ ഇടവേള പട്ടായയ്ക്ക് സമ്മാനിച്ചത് പ്രതീക്ഷിച്ചതിലേറെ വ്യാപാരാവസരങ്ങളാണെന്നാണ് വിലയിരുത്തൽ.










